Friday, March 6, 2009

വിഷ്‌ണുനാമാര്‍ച്ചന



നാരായണാ ഹരേ നാരായണാ ഹരേ
നാരായണാ ഹരേ നാരായണാ ഹരേ
നാരായണനാമം ഭക്ത്യാ ജപിക്കുവാന്‍
തോന്നേണമേ സദാ നാരായണാ ഹരേ

ധര്‍മ്മസംസ്ഥാപനത്തിന്നായി കാലടി
ക്ഷേത്രത്തില്‍ വാഴും ഹരിഹരനന്ദനാ
ശ്രീഭൂതനാഥാ ശരണം മണികണ്‌ഠാ
അഭയമേകണേ അയ്യപ്പാ പാഹിമാം

കാലടിക്ഷേത്രത്തില്‍ വാഴും ഭഗവാന്റെ
കാലടികള്‍മാത്രമാണെനിക്കാശ്രയം
കാലാരിസേവ്യ മുകുന്ദ ദയാനിധേ
കാലടിശ്രീമഹാവിഷ്‌ണോ നമോസ്‌തുതേ

അര്‍ത്ഥപുത്രകളത്രാദി ബന്ധുക്കളും
വ്യര്‍ത്ഥമാം മൃത്യുകാലത്തിലാര്‍ക്കുമേ
ആര്‍ത്തബന്ധോ തദാപാലയമാം വിഭോ
കാലടിശ്രീമഹാവിഷ്‌ണോ നമോസ്‌തുതേ

ആശ്രിതവത്സല കാരുണ്യവാരിധേ
ആശ്രയമങ്ങയല്ലാതെയില്ലാര്‍ക്കുമേ
വിശ്വംഭര ജയ ഭക്തജനപ്രിയ
കാലടിശ്രീമഹാവിഷ്‌ണോ നമോസ്‌തുതേ

ഇക്കലികാലത്തില്‍ നാമസങ്കീര്‍ത്തനം
മുക്തിപ്രദമെന്നു ചൊല്ലുന്നു സജ്ജനം
ഭക്തപ്രിയഹരേ പാഹിമാം സര്‍വ്വദാ
കാലടിശ്രീമഹാവിഷ്‌ണോ നമോസ്‌തുതേ

ഈശ്വരാനുഗ്രഹമില്ലെങ്കിലാര്‍ക്കുമീ
വിശ്വത്തില്‍ ജീവിതം ദുഃഖപ്രദം ഹരേ
വിശ്വേശ്വരാ ഭക്തവത്സല പാഹിമാം
കാലടിശ്രീമഹാവിഷ്‌ണോ നമോസ്‌തുതേ

ഉഗ്രനരസിംഹരൂപം ധരിച്ചുടന്‍
വിഗ്രഹത്തിങ്കല്‍ ഹിരണ്യകശിപുവെ
നിഗ്രഹിച്ച പ്രഹ്‌ളാദപ്രിയ പാഹിമാം
കാലടിശ്രീമഹാവിഷ്‌ണോ നമോസ്‌തുതേ

ഊനമാക്കേണം ദുരിതങ്ങളൊക്കേയും
ജനിമൃതിദുഃഖമാപദ്‌ഗണങ്ങളും
ആനന്ദമൂര്‍ത്തേ ജനാര്‍ദ്ദനാ മാധവാ
കാലടിശ്രീമഹാവിഷ്‌ണോ നമോസ്‌തുതേ

ഋഗ്‌യജുര്‍സാമവേദപ്രിയ ശ്രീപതേ
ത്വത്‌കഥാശ്രവണ നാമസങ്കീര്‍ത്തനാല്‍
മുക്തിഭവിപ്പാനനുഗ്രഹിക്കേണമേ
കാലടിശ്രീമഹാവിഷ്‌ണോ നമോസ്‌തുതേ

ലൂതത്തിന്‍ വലയില്‍ പെട്ടോരു പ്രാണിപോല്‍
മൃത്യുപാശത്താല്‍ ഞാന്‍ ബദ്ധനാം വേളയില്‍
മൃത്യുഭയം തീര്‍ത്തു രക്ഷിച്ചിടേണമേ
കാലടിശ്രീമഹാവിഷ്‌ണോ നമോസ്‌തുതേ


എന്നും തിരുനാമ മന്ത്രം ജപിക്കുവാന്‍
തോന്നേണമേ സദാ വിഷ്‌ണോ ജഗത്‌പതേ
പന്നഗശായിന്‍ പരംപുരുഷോത്തമ
കാലടിശ്രീമഹാവിഷ്‌ണോ നമോസ്‌തുതേ

ഏകനാമീശന്‍ പലവിധരൂപമായ്‌
ഇക്കണ്ട വിശ്വം ചമച്ചതുമത്ഭുതം
തൃക്കാലിണകളില്‍ ഭക്ത്യാ നമിക്കുന്നേന്‍
കാലടിശ്രീമഹാവിഷ്‌ണോ നമോസ്‌തുതേ

ഐശ്വര്യദായകനാകുമീ ദേവനെ
വിശ്വാസഭക്ത്യാ ഭജിക്കുന്നവര്‍ക്കെല്ലാം
ഈശ്വരാനുഗ്രഹമുണ്ടായ്‌ വരേണമേ
കാലടിശ്രീമഹാവിഷ്‌ണോ നമോസ്‌തുതേ

ഒന്നിനും വയ്യാതവശനായ്‌ ശയ്യയില്‍
ചെന്നുകിടന്നു വലയുന്ന വേളയില്‍
എന്നെക്കനിവോടെ രക്ഷിക്കണേ ഭവാന്‍
കാലടിശ്രീമഹാവിഷ്‌ണോ നമോസ്‌തുതേ

ഓര്‍ക്കിലതിശയം കാലടിക്ഷേത്രത്തിന്‍
മുന്‍കാലാവസ്ഥ പതന,മുത്ഥാനവും
ഒക്കെയുമീശ്വരനിശ്ചയമായ്‌ വരാം
കാലടിശ്രീമഹാവിഷ്‌ണോ നമോസ്‌തുതേ

ഔഷധസേവയാല്‍ രോഗവുമെന്നപോല്‍
വിഷ്‌ണുസേവയാല്‍ ദുരിതവും നഷ്ടമാം
ശേഷശായിന്‍ മധുസൂദന പാഹിമാം
കാലടിശ്രീമഹാവിഷ്‌ണോ നമോസ്‌തുതേ

അംബുജലോചനാ നാരായണാ ഹരേ
തമ്പുരാനേ മമ സര്‍വ്വാപരാധവും
അമ്പിനോടെല്ലാം ക്ഷമിച്ചീടണേ ഭവാന്‍
കാലടിശ്രീമഹാവിഷ്‌ണോ നമോസ്‌തുതേ

അന്നന്നുവന്നീടുമാപത്തൊഴിച്ചെന്നെ
എന്നും തുണയ്‌ക്കേണമാശ്രിതവത്സല
എന്നും ഭജിക്കുന്നു ഞാനുമിക്കീര്‍ത്തനാല്‍
കാലടിശ്രീമഹാവിഷ്‌ണോ നമോസ്‌തുതേ

വിഷ്‌ണുനാമാര്‍ച്ചനയെന്നൊരിക്കീര്‍ത്തനം
വിഷ്‌ണുമൂര്‍ത്തേ ഭവദ്‌പാദാംബുജങ്ങളില്‍
ഭക്ത്യാവണങ്ങി സമര്‍പ്പിച്ചീടുന്നു ഞാന്‍
കാലടിശ്രീമഹാവിഷ്‌ണോ നമോസ്‌തുതേ

ഏഴുപന്തീരാണ്ടുകാലമീഭൂമിയില്‍
വാഴുവാന്‍ യോഗമുണ്ടായൊരെന്‍ മാനസേ
വാഴ്‌ക സദാ ഭവാന്‍ സദ്‌ഗതിയേകണേ
കാലടിശ്രീമഹാവിഷ്‌ണോ നമോസ്‌തുതേ

കാലടിക്ഷേത്രത്തിന്‍ സാന്നിദ്ധ്യമുള്ളൊരു
വിഘ്‌നേശ്വരനും ഹരിഹരപുത്രനും
കാരുണ്യമോടെന്റെ ജീവിതം ധന്യമായ്‌-
ത്തീരാനനുഗ്രഹിച്ചേകണേ മംഗളം

25.12.2006, 1182 ധനു 10 തിങ്കള്‍

No comments:

Post a Comment